
വടകര സബ് ജയിലിൽ വായനശാല ഒരുങ്ങുന്നു. 35 വർഷത്തിലേറെയായുള്ള വായനശാലയാണ് വിപുലീകരിക്കുന്നത്. ജയിലുകളിലെ ‘തെറ്റ് തിരുത്തൽ' പ്രക്രിയക്ക് കരുത്തേകാനാണ് ഈ നടപടി. ജയിൽ ജീവനക്കാർ, കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേന നടത്തിയ ഇടപെടലിലൂടെ വായനശാലക്ക് ജില്ലാ ലൈബ്രറി കൗൺസിലിന്റെ അംഗീകാരവും ലഭിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്കും പുസ്തകങ്ങൾ വാങ്ങാനുമായി 63,000 രൂപ ഗ്രാന്റും ലഭ്യമായി. 1200 ഓളം പുസ്തകങ്ങൾ ജയിൽ ലൈബ്രറിയിലുണ്ട്.
ലഹരി കേസുകളിൽപ്പെട്ട തടവുകാരാണ് വടകര സബ് ജയിലിൽ കൂടുതലും. കുറ്റവാസന കുറയ്‌ക്കാൻ വായനയിലൂടെ കഴിയുമെന്ന തിരിച്ചറിവാണ് തീരുമാനത്തിന് പിന്നിൽ. ജയിൽ സുരക്ഷ വർധിപ്പിക്കാൻ ഏഴര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. തടവുകാരുടെ ക്ഷേമപദ്ധതിയിൽ ഒരു ഇരുചക്ര വാഹനവും അനുവദിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനു സമീപം പുതുപ്പണത്ത് 60 സെന്റ് സ്ഥലം ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽനിന്ന് ഏറ്റെടുത്ത് ജില്ലാ ജയിൽ നിർമിക്കാനുള്ള പ്രവർത്തനങ്ങളും ത്വരിതഗതിയിലാണ്. മൂന്നുകോടി രൂപ ഇതിനായി അനുവദിച്ചതിനാൽ പ്രാരംഭപ്രവർത്തനം തുടങ്ങി. 26 അന്തേവാസികൾ ജയിലിലുണ്ട്. സൂപ്രണ്ട് ഉൾപ്പെടെ 15 ജീവനക്കാരുമുണ്ട്.
കെ മുരളീധരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് സബ് ജയിലിന് അനുവദിച്ച ആംബുലൻസിന്റെ ഉദ്ഘാടനം ഞായര്‍ രാവിലെ പത്തരക്ക് ജയിൽ പരിസരത്ത് നടക്കും. ബ്രിട്ടീഷ് കാലത്ത് തുടങ്ങിയ വടകരയിലെ സബ് ജയിൽ സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്നതിൽ ഒന്നാണ്.