72 കലാകാരന്മാർ ചേർന്ന് വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്ത് 72 മീറ്ററിൽ കൂറ്റൻ മൺച്ചിത്രം ഒരുക്കുന്നു
06 Apr 2023
News
കോഴിക്കോട് കടപ്പുറത്ത് വ്യാഴാഴ്‌ച പകൽ മൂന്നിന് 72 മീറ്ററിൽ കൂറ്റൻ മൺച്ചിത്രം ‘മണ്ണിൻ വർണ വസന്തം' ഒരുക്കുന്നു. കക്കോടി ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന്റെ ഭാഗമായിറ്റാണ് ഇത് നടത്തപ്പെടുന്നത്. ഫ്രീഡം സ്‌ക്വയറിൽ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക് ബോർഡിന്റെ നേതൃത്വത്തിലാണ് ദൗത്യം. ‘ലോങ്ങസ്റ്റ് മഡ് പെയിന്റിങ്’ വിഭാഗത്തിലുള്ള യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ ലോക റെക്കോഡ് ലക്ഷ്യമിട്ടുള്ള മൺച്ചിത്രനിർമിതിയാണിത്. കാസർകോട് മുതൽ കന്യാകുമാരിവരെയുള്ള 106 ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽനിന്നാണ് ചിത്രരചനക്കായുള്ള മണ്ണ് എത്തിച്ചത്.
72 ചിത്രകാരന്മാരാണ് മൂന്നുമണിക്കൂർ നീളുന്ന ദൗത്യത്തിൽ പങ്കാളിയാവുക. വിശ്വജ്ഞാനമന്ദിരം സമർപ്പണദിനമായ പത്തിന് കക്കോടി ആനാവ്കുന്നിലെ ആശ്രമവീഥിയിൽ ചിത്രം പ്രദർശിപ്പിക്കും. വാർത്താസമ്മേളനത്തിൽ സ്വാമി ആത്മധർമൻ ജ്ഞാന തപസ്വി, കെ എം ഷാജി, പി സതീഷ് കുമാർ, രാംദാസ് കക്കട്ടിൽ, കൃഷ്ണൻ പാതിരിശ്ശേരി, സുരേഷ് ഉണ്ണി എന്നിവർ പങ്കെടുത്തു.