റെക്കോർഡിലേക്ക് നടന്നുകയറി 72 കലാകാരന്മാർ മണ്ണിൻ വർണ വസന്തം എന്ന കൂറ്റൻ ക്യാൻവാസിൽ ചേർന്നൊരുക്കിയ മൺചിത്രം
07 Apr 2023
News
കക്കോടിയിലെ ശാന്തിഗിരി വിശ്വവിജ്ഞാനമന്ദിരം സമർപ്പണത്തിന്റെ ഭാഗമായി ‘മണ്ണിൻ വർണ വസന്തം’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ കൂറ്റൻ ക്യാൻവാസിൽ ചിത്രങ്ങളൊരുങ്ങി. 72 കലാകാരന്മാർ ചേർന്നാണ് കേരളത്തിന്റെ ഇന്നലെകളിൽ ഇടം നേടിയ ചരിത്രഭൂമികകളിൽനിന്ന് ശേഖരിച്ച മണ്ണിൽ ലോക റെക്കോർഡിലേക്ക് നടന്നുകയറിയ മൺചിത്രം ഒരുക്കിയത്.
വാസ്‌കോഡഗാമയുടെ വരവും കോഴിക്കോടിന്റെ വ്യാപാരചരിത്രവുമുണ്ട് മൺവരകളിൽ. ബഷീറും ഒ വി വിജയനും ശ്രീനാരായണ ഗുരുവും ഉൾപ്പെടെ കേരളത്തിന്റെ ചിന്തയെ മാറ്റിമറിച്ച മഹാരഥൻമാരും ചിത്രങ്ങളിൽ തെളിയുന്നു.
‘‘അത്രമേൽ പ്രാണനും പ്രാണനായ് നിന്നുനീ യാത്രപറഞ്ഞുപോയതുചിതമോ? മണ്ണിന് വെളിച്ചമെഴുതി നിന്നിടുമോ കണ്ണിലൊരുകുറികൂടി ക്ഷണപ്രഭേ...’’–- എന്ന ഈരടികൾക്കൊപ്പം ആജാനുബാഹുവായ പി കുഞ്ഞിരാമൻ നായരുടെ ഛായാചിത്രം കാണാം. ആദ്യത്തെ മാമ്പഴം വീഴ്‌കേ കുഞ്ഞിനെയോർത്ത് വിലപിക്കുന്ന അമ്മയുണ്ട് തൊട്ടടുത്തായി. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ മുതൽ കാസർകോട് ബേക്കൽകോട്ട വരെയുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച മണ്ണിലാണ് ചിത്രരചന.
മണ്ണിന്റെ തനതായ സ്വാഭാവിക നിറങ്ങൾ മാത്രമാണ് പ്രയോജനപ്പെടുത്തിയത്. ചിത്രകാരന്മാരുടെ കൂട്ടായ്‌മയായ ‘ബിയോണ്ട് ദ ബ്ലാക്ബോർഡി’ന്റെ നേതൃത്വത്തിലാണ് ചിത്രങ്ങൾ. യുആർഎഫ് ലോക റെക്കോർഡ് ലക്ഷ്യമാക്കിയുള്ള ദൗത്യം രണ്ടര മണിക്കൂറിൽ പൂർത്തിയായി.
രാജീവ് അഞ്ചൽ ഉദ്‌ഘാടനംചെയ്‌തു. സ്വാമി ആത്മധർമൻ ജ്ഞാനതപസ്വി, കെ എം ഷാജി എന്നിവർ സംസാരിച്ചു. യുആർഎഫ് ജൂറി മേധാവി സത്താർ ആദൂർ ഗിന്നസ് റെക്കോർഡ് പ്രഖ്യാപനം നടത്തി. ചിത്രങ്ങൾ ശാന്തിഗിരി ആശ്രമ കവാടത്തിൽ പത്തുവരെ പ്രദർശിപ്പിക്കും.