
ഇനി കോഴിക്കോട് നഗരത്തിൽ നാല് റെയിൽവേ ക്രോസ് മാത്രമേ അവശേഷിക്കുകയുള്ളൂ, കാരണം കണ്ണൂർ റോഡിൽനിന്ന് കോഴിക്കോട് ബീച്ചിലേക്കുള്ള പ്രധാന യാത്രാമാർഗമായ പണിക്കർ റോഡിലെ ആറാം റെയിൽവേ ഗേറ്റിന് പകരമായി അടിപ്പാത വരികയാണ്. ബീച്ചിലേക്ക് എളുപ്പം എത്താനുള്ള വഴിയിൽ വലിയ ഗതാഗതക്കുരുക്കുണ്ടാക്കുന്നതാണ് ഈ ഗേറ്റ്. വടക്കോട്ടുള്ള യാത്രയിൽ ആറാമത്തെ ഗേറ്റായതിനാൽ ഈ പ്രദേശവും ആറാംഗേറ്റ് എന്നറിയപ്പെട്ടു. ദിവസവും ഇരുപതിലധികം തവണ അടയ്‌ക്കുന്ന ഗേറ്റിൽ വാഹനങ്ങളുടെ നീണ്ടനിര പതിവുകാഴ്‌ചയാണ്.
സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം കെ റെയിലാണ് അടിപ്പാത നിർമിക്കുക. ഇംഗ്ലീഷിലെ ‘യു’ അക്ഷരം ആകൃതിയിലാണ് നിർമാണം. ബീച്ച് പരിസരത്തുനിന്ന് തുടങ്ങി റെയിലിന് അടിയിലൂടെ മറുഭാഗത്തേക്ക് കടക്കുന്ന വിധമാകും അടിപ്പാത. സ്വകാര്യ വ്യക്തികളുടെ സ്ഥലം പരമാവധി ഒഴിവാക്കുന്നതിനാണ് ഈ ആകൃതിയിലുള്ള നിർമാണം. 55 സെന്റാണ് സ്വകാര്യവ്യക്തികളിൽനിന്ന് ഏറ്റെടുക്കേണ്ടിവരിക. സർവേ പൂർത്തിയായി. സ്വകാര്യവ്യക്തികളുടെ സ്ഥലം അളക്കാനുള്ള നടപടിയിലാണ് ലാൻഡ് അക്വിസിഷൻ വിഭാഗം.