38ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ; കാണികളെ ത്രസിപ്പിച്ചു ഉദ്ഘാടന ചടങ്ങുകൾ
23 Jan 2023
News
38ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് ഗംഭീര തുടക്കം. കാണികളെ ആവോളം ത്രസിപ്പിച്ച് മാനത്ത് പൂരത്തിന്റെ വർണവിസ്മയം തീർത്ത് ലൈറ്റ്നിങ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ചൈനീസ് വർണമഴ തീർത്ത് പൂനൂർ പുഴയോരത്തുള്ള പഞ്ചായത്ത് ഫ്ലഡ് ലിറ്റ് മിനിസ്റ്റേഡിയത്തിൽ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നടന്ന വെടിക്കെട്ട് അരമണിക്കൂർ ഗാലറികളിൽ ആവേശത്തിരമാലകളുയർത്തി. സംഗീതവിരുന്നും കലാപ്രകടനങ്ങളും ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നടന്നു.
ഒരു മാസത്തെ ഫുട്ബാൾ മാമാങ്കത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച ആരംഭിച്ച ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ ഫുട്ബാൾ മുൻ ക്യാപ്റ്റൻ ഐ.എം. വിജയൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എം. ഫൈസൽ അധ്യക്ഷത വഹിച്ചു. സിനിമാനടി മഞ്ജു വാര്യർ മുഖ്യാതിഥിയായി. ലോകകപ്പ് ഫുട്ബാൾ ചിത്രം പകർത്തിയ ബൈജു കൊടുവള്ളിയെ ഐ.എം. വിജയൻ ഉപഹാരം നൽകി അനുമോദിച്ചു.