
ബേപ്പൂർ : ഉരു നിർമാണത്തിൽ ബേപ്പൂരിന്റെ മഹിമയും പാരമ്പര്യവും പുതുക്കി കൊണ്ട്, ഖത്തറിലെ വ്യവസായി ഷെയ്ഖ് അഹമ്മദ് സാദിന് വേണ്ടി സായൂസ് വുഡ് വർക്സ് നിർമിച്ച പുതിയ ഭീമൻ ഉല്ലാസ നൗക കടലിൽ കടക്കുവാൻ ഒരുങ്ങുകയാണ് . ബിസി റോഡിലെ ചാലിയാർ തീരത്തെ യാർഡിൽ പണി പൂർത്തിയാക്കിയ ഉരു, ഖലാസി മൂപ്പൻ കൈതയിൽ അബ്ദുറഹിമാന്റെ (കോയ) നേതൃത്വത്തിൽ 20 തൊഴിലാളികളുടെ കൂട്ടായ്മയിൽ, ഉരുളിൽ കയറ്റി ദവ്വറിന്റെ സഹായത്തോടെ പതുക്കെ നദീമുഖത്തേക്ക് എത്തിക്കലാണ് ആദ്യ ദൗത്യം.
140 അടി നീളവും 33 അടി വീതിയും 12.5 അടി ഉയരവും ഉള്ള ആഡംബര ഉരു 17ന് പുലർച്ചെ വേലിയേറ്റ സമയത്ത് പൂർണമായും വെള്ളത്തിൽ ഇറക്കാനാണ് ഉദ്ദേശം. വിനോദ സഞ്ചാരത്തിനായി ഖത്തറിൽ ഉപയോഗിക്കാനായി നിർമിച്ച ഈ ഉരുവിന്റെ 7.5 അടി താഴ്ചയുള്ള അമരം ഉൾപ്പെടെ, തുറമുഖവും കസ്റ്റംസും നൽകുന്ന അനുമതി പ്രകാരം ദുബായിലേക്കാണ് ആദ്യം കൊണ്ടുപോകുന്നത്. അവിടെ ആന്തരിക ആഡംബര പണികൾ പൂർത്തിയാക്കിയ ശേഷം ഖത്തറിലേക്ക് മാറ്റുമെന്നു സായൂസ് കമ്പനി ഉടമ പി. ശശിധരൻ അറിയിച്ചു.
തേക്ക്, കൊയ്‌ല, സാല്, വാക, കരിമരുത് തുടങ്ങി വിവിധ പ്രാദേശിക മരങ്ങൾ ഉപയോഗിച്ച് നിർമിച്ച ഈ നൗകയുടെ നിർമ്മാണം ഏകദേശം 3.2 കോടി രൂപ ചെലവു വരും. ബേപ്പൂർ എടത്തൊടി സത്യൻ, പുഴക്കര ശ്രീധരൻ, സോമൻ കിടങ്ങത്ത് എന്നിവരുടെ നേതൃത്വത്തിൽ 20 തൊഴിലാളികൾ ചേർന്ന് ഈ പ്രവൃത്തി പൂർത്തിയാക്കിയത്. 5 വർഷം മുൻപ് തുടങ്ങിയ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കോവിഡ് പ്രതിസന്ധിയും പ്രളയവും വലിയ തടസ്സമായി. തികച്ചും പരമ്പരാഗത മാർഗങ്ങളാണ് നിർമാണത്തിനു സ്വീകരിച്ചത്.