
ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ഖത്തറിൽ അർജന്റീനയ്ക്ക് വേണ്ടി ഒരു ലയണൽ മെസ്സി കളിക്കാനിറങ്ങുമ്പോൾ ജില്ലയിൽ ആവേശം പകരാൻ 110 മെസ്സിമാർ ഒരുമിച്ച് ഇറങ്ങി. ഇവരിൽ 3 വയസുമുതൽ 64 വയസ്സുവരെ വിവിധ പ്രായത്തിലുള്ള മെസ്സിമാരുടെ റോഡ് ഷോയിൽ ഫുട്ബോൾ ആവേശം ഒരേപോലെ കാഴ്ചവച്ചു . ലോകകപ്പ് ഫുട്ബോൾ ബിഗ് സ്ക്രീനിൽ കാണിക്കാനായി രൂപീകരിച്ച ഫുട്ബോൾ ഫാൻസ് കോട്ടൂളിയുടെ ആഭിമുഖ്യത്തിൽ അർജന്റീന ഫാൻസിന്റെ റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 110 മെസ്സിമാർ ഒരുമിച്ച് ജഴ്സിയും മുഖം മൂടിയും അണിഞ്ഞ് ഇറങ്ങിയത്.
കരിമ്പയിൽ താഴത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ കോട്ടൂളി സെൻ്ററിൽ അവസാനിച്ചു: കെ.വിജേഷ്, എൻ.പി അഭിനവ്, എൻ.ആർ.വിപിൻ, കോട്ടൂളി ഫുട്ബോൾ ഫാൻസ് കൺവീനർ കെ.വി.പ്രമോദ് എന്നിവർ നേതൃത്വം നൽകി. ലോകകപ്പ് ഫുട്ബോൾ ആസ്വദിക്കാൻ 500 ഓളം പേർക്ക് ഇരിക്കാവുന്ന ഗാലറി ഉൾപ്പെടെ സജ്ജീകരിക്കുന്നുണ്ട്.