
അതിദരിദ്രരുടെ പട്ടികയിൽ ഇടംപിടിച്ച 105 കുടുംബങ്ങൾക്ക് പുതുവർഷം മുതൽ ജനകീയ ഹോട്ടൽ വഴി ഭക്ഷണം വീടുകളിലെത്തിക്കും. ഇതിനായി, പ്രായമോ രോഗമോ തളർത്തിയതിനാൽ സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കാൻ നിവൃത്തിയില്ലാത്ത കുടുംബങ്ങളെയാണ് തിരഞ്ഞെടുത്തത്.നിലവിൽ ഇവർക്ക് സന്നദ്ധസംഘടനകളാണ് ഭക്ഷണം നൽകുന്നത്.
ജനുവരി ഒന്നുമുതൽ മൂന്നുനേരം ഭക്ഷണം സൗജന്യമായി നൽകും. അതിദരിദ്രരുടെ പട്ടികയിലുൾപ്പെട്ട 814 കുടുംബങ്ങൾക്കാണ് അവകാശം അതിവേഗം പദ്ധതിയിലൂടെ സേവനങ്ങൾ നൽകുന്നത്. ജനുവരിയിൽ ഇതിന്റെ പ്രഖ്യാപനം നടത്തും. റേഷൻ കാർഡ്, ആധാർ തുടങ്ങിയവ നൽകുകയാണ് ആദ്യം.
റേഷൻ കാർഡില്ലാത്ത 52 പേരിൽ 30 പേർക്ക് അതും 22 പേർക്ക് ആധാർ കാർഡും നൽകി. 18 പേരുടെ അപേക്ഷ സമർപ്പിച്ചു. 67 ഗുണഭോക്താക്കൾക്ക് തിരിച്ചറിയൽ കാർഡ് അനുവദിക്കുന്നതിന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ മുഖേന നടപടിയെടുത്തു. 68 കുടുംബങ്ങൾക്ക് കുടുംബശ്രീ അയൽക്കൂട്ട അംഗത്വം നൽകി.