
ജില്ലാ പഞ്ചായത്തിന്റെ ‘യാനം’ പദ്ധതി എസ്‌എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉപരിപഠന യോഗ്യത നേടാൻ കഴിയാത്തവർക്ക് സൗജന്യ സേ പരീക്ഷാ പരിശീലനവും കരിയർ ഗൈഡൻസും നൽകും. ജില്ലാ പഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണിത്. ഡി പ്ലസ് ഗ്രേഡ് ലഭിക്കാത്ത വിഷയങ്ങൾ എഴുതിയെടുക്കാൻ പ്രത്യേക തീവ്രപരിശീലനം നൽകും.
ഈ മാസം അവസാനമാണ് സേ പരീക്ഷ. 370 പേരാണ് ഇതുവരെ രജിസ്റ്റർചെയ്‌തത്. 12 മുതൽ 21 വരെ തിയ്യതികളിൽ രാവിലെ 10 മുതൽ നാലുവരെയാണ് പരിശീലനം. വിദ്യാഭ്യാസ ജില്ലകളിൽ രണ്ടുവീതം കേന്ദ്രങ്ങളാണ് ഒരുക്കുക. വടകര, കൊയിലാണ്ടി, പേരാമ്പ്ര, താമരശേരി, കോഴിക്കോട്, ചേളന്നൂർ എന്നിവിടങ്ങളിലാണ് പരിശീലനം. എല്ലാ വിഷയത്തിലും വിദഗ്‌ധ അധ്യാപകരുടെ സേവനമുണ്ടാകും.
സേ പരീക്ഷക്ക് ശേഷമാണ് കരിയർ ഗൈഡൻസ് ഒരുക്കുക. സൗജന്യ തൊഴിൽ പരിശീലന മാർഗനിർദേശവും നൽകും. സ്കിൽ ഡെവലപ്‌മെന്റ് സെന്റർ, ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട്, ജില്ലാ കരിയർ ഗൈഡൻസ് തുടങ്ങിയവയുടെ സഹായത്തോടെയാണ് സൗജന്യ പരിശീലനം ഒരുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ആറ് ബ്ലോക്ക് കേന്ദ്രങ്ങളിലാകും പരിശീലനം.