
ഓണക്കാലത്തെ തിരക്ക് പരിഗണിച്ചുകൊണ്ട്, അറ്റകുറ്റപ്പണിക്കായി അടച്ച സി എച്ച് മേൽപ്പാലം ഭാഗികമായി തുറന്നു. ആദ്യഘട്ടത്തിൽ വൺവേ ആയാണ് ഗതാഗത ക്രമീകരണം. ബീച്ച് ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്. നടപ്പാതയുടെ ഭാഗത്ത് പ്രവൃത്തി ബാക്കിയുള്ളതിനാലാണ് വൺവേ ഏർപ്പെടുത്തിയത്. ഓണത്തിന് മുമ്പായി ഇരുവശത്തേക്കും ഗതാഗതം അനുവദിക്കുമെന്ന് ട്രാഫിക് അസി. കമീഷണർ എ ജെ ജോൺസൺ പറഞ്ഞു.
പാലം അടച്ചപ്പോൾ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം തുടരും. കാൽനടയാത്രക്കാർക്ക് പാലത്തിൽ പ്രവേശനമില്ല. ബുധന്‍ രാവിലെ 8.15 മുതലാണ് വാഹനങ്ങൾ കടത്തിവിട്ടത്. ട്രാഫിക് പൊലീസ്, ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. പാലം ബലപ്പെടുത്തലിന്റെ ഭാഗമായുള്ള ഉപരിതലത്തിലെ പണി ഏതാണ്ട് പൂർത്തിയായതിനാലാണ് നിശ്ചിത തീയതിക്കുമുമ്പ് തുറക്കുന്നത്. 4.47 കോടി രൂപയുടെ നവീകരണമാണ് സെപ്‌തംബറിൽ പൂർത്തിയാവുക. റെയിൽവേ ലൈനിന് കുറുകേയുള്ള ഒരു സ്‌പാനിലെ അറ്റകുറ്റപ്പണി 16ന് ആരംഭിക്കും. റെയിൽവേയുടെ വൈദ്യുതിലൈൻ ഓഫ്‌ചെയ്യേണ്ടതിനാൽ രാത്രി നാലുമണിക്കൂറും പകൽ രണ്ടു മണിക്കൂറുമായാണ് പ്രവൃത്തി നടത്തുക.