
വ്യാഴാഴ്ച വൈകീട്ട് തുടങ്ങുന്ന മുക്കം ഫെസ്റ്റിന്റെ ഭാഗമായി വൈകീട്ട് നാലുമണിക്ക് മുക്കത്തുനിന്നാരംഭിക്കുന്ന ഘോഷയാത്ര അഞ്ചുമണിയോടെ ഫെസ്റ്റ് നഗരിയായ അഗസ്ത്യൻമുഴി ഇരുവഞ്ഞിപ്പുഴയോരത്തെ മൈതാനത്ത് സമാപിക്കും. മുക്കം നഗരസഭയിലെയും കാരശ്ശേരി, കൊടിയത്തൂർ, തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെയും കുടുംബശ്രീ അംഗങ്ങൾ നേതൃത്വം നൽകും. മാമ്പറ്റ പ്രതീക്ഷ സ്കൂളിലെയും തൊണ്ടിമ്മൽ സാൻജോ ഭവനിലെയും ഭിന്നശേഷി വിദ്യാർഥികൾ ബലൂണുകൾ പറത്തി ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനംചെയ്യും.
മത്തായി ചാക്കോ പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജനുവരി 19 മുതൽ ഫെബ്രുവരി അഞ്ചുവരെയാണ് ഫെസ്റ്റ്. മുക്കം അഗ്നിരക്ഷാസേന, പോലീസ്, കെ.എസ്.ഇ.ബി., വിനോദസഞ്ചാരവകുപ്പ് തുടങ്ങിയവയുടേതുൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ ആകർഷണീയ സ്റ്റാളുകൾ, ഹൈടെക് അമ്യൂസ്മെൻറ് പാർക്ക്, കാർഷിക-വ്യാവസായിക-വിദ്യാഭ്യാസ-സാംസ്കാരിക പ്രദർശനങ്ങൾ, ഭക്ഷ്യമേള, പുഷ്പമേള മുതലായവ ഫെസ്റ്റിലുണ്ടാവും.
എല്ലാ ദിവസവും വൈകീട്ട് നാലുമുതൽ ഒമ്പതുവരെയാണ് ഫെസ്റ്റ്. അമ്പതുരൂപയാണ് പ്രവേശനഫീസ്. എല്ലാ ദിവസങ്ങളിലും കലാസന്ധ്യയും അരങ്ങേറും.
വ്യാഴാഴ്ച രാത്രി ‘പാലാപ്പള്ളി’ ഫെയിം അതുൽ നറുകര നയിക്കുന്ന ഗാനവിരുന്ന് അരങ്ങേറും. വെള്ളിയാഴ്ച രാത്രി പട്ടുറുമാൽ ഫെയിം മുബീന മെഹ്സിന്റെ ഇശൽ നൈറ്റും ശനി...ശനിയാഴ്ച രാത്രി തൃശ്ശൂർ ജനനയനയുടെ നാടൻപാട്ടുകളും അരങ്ങേറും. നാടകം, മാജിക് ഷോ, ഗാനമേള തുടങ്ങിയവ പതിനാറു ദിവസവും നടക്കും.
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയും മുക്കം-കോഴിക്കോട് പാതയും സംഗമിക്കുന്ന അഗസ്ത്യൻമുഴിയിലാണ് ഫെസ്റ്റ് നഗരി. അഗസ്ത്യൻമുഴിയിൽനിന്ന് തിരുവമ്പാടി റോഡിൽ പ്രസിദ്ധമായ ഇരുവഞ്ഞിപ്പുഴയോരത്തെ മൈതാനത്താണ് ഫെസ്റ്റ്. അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡരികിൽ വീതികൂടിയതോടെ പാർക്കിങ് സുഗമമാകും.