
മുക്കത്ത് മക്കാനി മേളയ്ക്ക് തുടക്കമായി. വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉത്പ്പാദിപ്പിച്ച ഉത്പന്നങ്ങളുടെ വിപണനമേളയും കൊതിയൂറും വിഭവങ്ങളുമായി ഭക്ഷ്യമേളയും മക്കാനി മേളയുടെ ഭാഗമായി നടക്കും.
ഈന്ത് പൊടി, കുവ്വപ്പൊടി, റാഗിപ്പൊടി, പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കറിമസാലപ്പൊടികൾ, ഔഷധധാന്യങ്ങൾ, വിവിധ തരം പലഹാരങ്ങൾ, കരകൗശലവസ്തുക്കൾ, ചിരട്ട ഉത്പന്നങ്ങൾ, സോപ്പ് ഉത്പന്നങ്ങൾ എന്നിവ മേളയിൽ ലഭിക്കും.
നാടൻ ഈന്ത് ഉത്‌പന്നങ്ങൾ, കപ്പബിരിയാണി, ദംബിരിയാണി, കണ്ണൂർ പലഹാരങ്ങൾ, വിവിധതരം പായസങ്ങൾ, ജ്യൂസുകൾ എന്നിവ ഭക്ഷ്യമേളയിൽ ഒരുക്കിയിട്ടുണ്ട്. മേള ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്സൺ സി.ടി. രജിത അധ്യക്ഷയായി. നഗരസഭാ ചെയർമാൻ പി.ടി. ബാബു ആദ്യവിൽപ്പന നിർവഹിച്ചു.
ജില്ലാമിഷൻ കോ-ഓർഡിനേറ്റർ പി.എം. ഗിരീഷൻ മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷൻമാരായ വി. കുഞ്ഞൻ, ഇ. സത്യനാരായണൻ, പ്രജിതാ പ്രദീപ്, കൗൺസിലർമാരായ ഗഫൂർ, വേണു കല്ലുരുട്ടി, വിശ്വനാഥൻ നികുഞ്ജം, യാസർ, സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ സൈറാബാനു, മുഹമ്മദ് ഹനീഫ് എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച കരകാട്ടം അരങ്ങേറി. ബുധനാഴ്ച രാത്രി ഏഴിന് ടോൺ ബാൻഡ് കാലിക്കറ്റിന്റെ ഗാനമേള അരങ്ങേറും. മേള 31-ന് സമാപിക്കും. ദിവസവും ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.
പരിപാടി : മക്കാനി മേള
തീയതി: 28 DEC - 31 DEC
സമയം: ദിവസവും ഉച്ചയ്ക്ക് രണ്ടിന് തുടങ്ങും
വേദി : മുക്കം
പ്രവേശനം സൗജന്യമാണ്!!