
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നാളെ തുടങ്ങുന്നു. കോഴിക്കോട് ബീച്ചിൽ നടക്കുന്ന ആറാം പതിപ്പ് ലിറ്ററേച്ചർ ഫെസ്റ്റിവൽ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രിമാരായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും. 12 മുതൽ 15 വരെ കോഴിക്കോട് ബീച്ചിൽ ആറ് വേദികളിലായാണ് ഫെസ്റ്റ്.
248 സെഷനിൽ 12 രാജ്യങ്ങളിൽനിന്നായി അഞ്ഞൂറോളം പ്രഭാഷകർ പങ്കെടുക്കും. തമിഴ്‌നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, ബുക്കർ പ്രൈസ് ജേതാക്കളായ ഷെഹൻ കരുണാതിലക, അരുന്ധതി റോയ്, ഗീതാഞ്ജലി ശ്രീ, നൊബേൽ സമ്മാന ജേതാക്കളായ അദാ യോനാഥ്, അഭിജിത് ബാനർജി, അമേരിക്കൻ ഇൻഡോളജിസ്റ്റ് വെൻഡി ഡോണിഗർ, പ്രമുഖ ചലച്ചിത്രതാരം കമലഹാസൻ, ആഡ് ഗുരു പീയൂഷ് പാണ്ഡെ, സാഹിത്യകാരന്മാരായ ജെഫ്രി ആർച്ചർ, ഫ്രാൻസെസ് മിറാലെസ്, ശോഭാ ഡെ, തുഷാർ ഗാന്ധി, എം ടി വാസുദേവൻ നായർ, എം മുകുന്ദൻ, കെ ആർ മീര, ടി പത്മനാഭൻ, ജെറി പിന്റോ, അഞ്ചൽ മൽഹോത്ര, ബെന്യാമിൻ, സുധാ മൂർത്തി, ജാപ്പനീസ് എഴുത്തുകാരൻ യോക്കോ ഒഗാവ, കവി കെ സച്ചിദാനന്ദൻ, പത്രപ്രവർത്തകരായ പി സായ്‌നാഥ്, സാഗരിക ഘോഷ്, ബർഖാ ദത്ത്, ചരിത്രകാരന്മാരായ രാമചന്ദ്ര ഗുഹ, വില്യം ഡാരിംപിൾ ഹരാരി, മനു എസ് പിള്ള, റോക്ക്സ്റ്റാർ റെമോ ഫെർണാണ്ടസ്, പോപ്പ് ഗായിക ഉഷ ഉതുപ്പ്, നടൻ പ്രകാശ് രാജ്, കപിൽ സിബൽ, ഗൗർ ഗോപാൽ ദാസ്, വ്യവസായി ക്രിസ് ഗോപാലകൃഷ്ണൻ, സാമ്പത്തിക വിദഗ്ധൻ സഞ്ജീവ് സന്യാൽ തുടങ്ങിയവർ വിവിധ സെഷനിൽ പങ്കെടുക്കും.
വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ചർച്ചകൾ നടക്കും. രാത്രികളിൽ കലാപരിപാടികളുമുണ്ടാവും. ക്ലാസിക്കൽ സിനിമാ പ്രദർശനവുമുണ്ടാകും.
വാർത്താസമ്മേളനത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ ചീഫ് ഫെസിലിറ്റേറ്റർ രവി ഡിസി, ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ എ പ്രദീപ് കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ വി ശശി എന്നിവർ പങ്കെടുത്തു.