കക്കയം ഹൈഡൽ ടൂറിസം: ക്രിസ്മസ്-പുതുവത്സരത്തിനു കൂടുതൽ ജലസവാരി
21 Dec 2022
Event Kakkayam Hydel Tourism
കക്കയം ഹൈഡൽ ടൂറിസത്തിൽ പുതിയ ജലവിനോദ സവാരികൾ തുടങ്ങി. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി ഒരുങ്ങി. രണ്ട് സ്പീഡ് ബോട്ടുകളാണ് നിലവിൽ സവാരി നടത്തുന്നത്. ഇതിനുപുറമെ പെരിയാർ വാട്ടർ സ്പോർട്സിന്റെ നേതൃത്വത്തിൽ കയാക്കിങ്, കുട്ടവഞ്ചി, വാട്ടർറോളർ തുടങ്ങിയവയാണ് ജലവിനോദത്തിനായി തയ്യാറാക്കിയിട്ടുള്ളത്.
നൂറുപേർക്ക് ഒന്നിച്ചിരിക്കാനും കലാപരിപാടികൾ സംഘടിപ്പിക്കാനും കഴിയുന്ന മിനി ഓഡിറ്റോറിയവും സജ്ജീകരിച്ചിട്ടുണ്ട്. വെജിറ്റേറിയൻ, നോൺവെജ് രുചി വൈവിധ്യങ്ങളുമായി ‘മലബാർ ഹാവൻ’ ഭക്ഷണശാലയും തുടങ്ങിയിട്ടുണ്ട്.
കുട്ടികളുടെ പാർക്കിൽ ഇപ്പോഴുള്ള റൈഡുകൾക്ക് പുറമെ ഫിഷ് സ്പാ, വി.ആർ. ഷോ തുടങ്ങിയവ ജനുവരി രണ്ടാംവാരംമുതൽ തുടങ്ങാനാണ് തീരുമാനമെന്ന് ഹൈഡൽ ടൂറിസം സ്പെഷ്യൽ ഓഫീസർ സി. അബ്ദുൽറഹീം പറഞ്ഞു.