നാടൻ കലാമേള - കൊക്കോ ഫോക്ക് ഫെസ്റ്റ് - 2023 ഡിസംബർ 20 മുതൽ 24 വരെ കോഴിക്കോട് നഗരത്തിലെ വിവിധ വേദികളിൽ നടക്കും
20 Dec 2023
Event
കോഴിക്കോട് കോർപ്പറേഷൻ ഡിസംബർ 20 മുതൽ 24 വരെ നഗരത്തിലെ വിവിധ വേദികളിൽ നാടോടി കലാമേളയായ കൊക്കോ ഫോക്ക് ഫെസ്റ്റ് - 2023 സംഘടിപ്പിക്കുന്നു. വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായും, യുനെസ്‌കോയുടെ സാഹിത്യ നഗരം എന്ന പദവി ആഘോഷിക്കുന്നതിന്റെ ഭാഗമായുമാണ് ഈ കലാമേള നടത്തുന്നത്. തളിയിൽ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിലാണ് പ്രധാനമായും മേളയിലെ പരിപാടികൾ നടക്കുക.
മേളയിൽ ശിൽപശാലകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, സംസ്ഥാനത്തെ നാടൻ കലാരൂപങ്ങളുടെ അവതരണങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് മേയർ ബീന ഫിലിപ്പ് ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജൂബിലി ഹാളിൽ ആചാരപരമായ രംഗോലിയായ ‘കളമെഴുത്ത്’ ശിൽപശാലയോടെയാണ് ഉത്സവം ആരംഭിക്കുക.
നടൻ വി.കെ.ശ്രീരാമൻ 4.30-ന് ഉത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ‘കളരിപ്പയറ്റ്’ അവതരണവും തുടർന്ന് കളം തുടയ്ക്കുന്ന ചടങ്ങായ ‘തിരി ഉഴിച്ചിലും പാട്ടും’ നടക്കും. രാത്രി എട്ടിന് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ കലോത്സവത്തിന്റെ മുഖ്യ ആകർഷണമായ ‘തീച്ചാമുണ്ഡി’ തെയ്യം നടക്കും.
ഡിസംബർ 21 (വ്യാഴം) രാവിലെ 10 മണിക്ക് ജൂബിലി ഹാളിന്റെ താഴത്തെ നിലയിൽ ആരംഭിക്കുന്ന കളം, തെയ്യം വസ്ത്രങ്ങളുടെ പ്രദർശനം ഡിസംബർ 23 (ശനി) വരെ നീണ്ടുനിൽക്കും. തുടർന്ന് ‘കഥാഗാനപാരമ്പര്യം’ എന്ന വിഷയത്തിൽ സെമിനാറും നടക്കും. വൈകീട്ട് ആറിന് ‘മുടിയേറ്റ്’ അരങ്ങേറും.
‘നാടൻ കലകളുടെ കരുത്തും സൗന്ദര്യവും’ എന്ന വിഷയത്തിൽ വെള്ളിയാഴ്ച ഒരു സെമിനാറും നടക്കും, തുടർന്ന് പൂരക്കളിയും തുടർന്ന് യക്ഷഗാനവും നടത്തപെടുന്നതാണ്. ശനിയാഴ്ച ദഫ് മുട്ട്, ചവിട്ടുനാടകം, കോൽക്കളി, പടയണി എന്നിവയ്ക്ക് പുറമെ പൈതൃകവും സാഹിത്യവും എന്ന വിഷയത്തിൽ സെമിനാറും നടക്കും.
ഞായറാഴ്ച രാവിലെ ഒമ്പതിന് മുഖത്തെഴുത്ത് (തെയ്യത്തിന്റെ മുഖചിത്രങ്ങൾ) എന്ന വിഷയത്തിൽ ശിൽപശാല നടക്കും. അവസാന ദിവസം സ്ത്രീകളുടെ തായമ്പക, തുടി താളം, തിറയാട്ടം, ചൂട്ടുകളി എന്നിവ നടക്കും. ഞായറാഴ്ച വൈകീട്ട് ഏഴിന് സമാപനച്ചടങ്ങ് നടക്കും.
നാടൻ കലാകാരന്മാർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ‘നേർസാക്ഷ്യം’, അവരെ ആദരിക്കുന്ന ‘സാദരം’ എന്നിവ എല്ലാ ദിവസവും വൈകുംനേരം നടക്കും. ഗോത്രവർഗ ഭക്ഷ്യമേളയും ഫെസ്റ്റിന്റെ ഭാഗമാകും.
കേരള ഫോക്ലോർ അക്കാദമി, കാലിക്കറ്റ് സർവകലാശാല, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല, കോഴിക്കോട് ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.