മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡേറ്റാ സയൻസ് ആൻഡ് മാനേജ്മെന്റ് ഓൺലൈൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം
22 May 2023
News
മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡേറ്റാ സയൻസ് ആൻഡ് മാനേജ്മെന്റ് ഓൺലൈൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. വിവരങ്ങൾ പ്രോസസ് ചെയ്ത് മികച്ച ബിസിനസ് തീരുമാനങ്ങളെടുക്കാൻ സഹായകരമായ പഠനങ്ങൾക്ക് ഊന്നൽനൽകുന്ന, ഇന്ദോർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നിവർ സംയുക്തമായി ഇത് നടത്തുന്നത്. ഡേറ്റാ സയൻസിന് പ്രസക്തിയുള്ള ബിസിനസ് മേഖലകൾ കണ്ടെത്താനും അൽഗോരിതം വികസിപ്പിക്കുന്നവർക്കും ഡേറ്റാ അനലിസ്റ്റുകൾക്കും പ്രോഗ്രാം സഹായകരമായിരിക്കും.
പ്രോഗ്രാം ദൈർഘ്യം രണ്ടുവർഷം. രണ്ടു കാമ്പസുകളിലായി 15 ദിവസം വീതമുള്ള മൊഡ്യൂളുകൾ ഉൾപ്പെടുന്ന പ്രോഗ്രാമിൽ, ആഴ്ചയിൽ 14 മുതൽ 15 മണിക്കൂർ വരെ തത്സമയക്ലാസുകളായിരിക്കും. പ്രവൃത്തിദിവസങ്ങളിൽ രാത്രി ഏഴുമുതൽ എട്ടുവരെയും 8.15 മുതൽ 9.15 വരെയുമായിരിക്കും സെഷനുകൾ. ശനിയാഴ്ചകളിൽ നാലുമുതൽ അഞ്ചുമണിക്കൂർവരെ സെഷൻ ഉണ്ടാകും. തുടർമൂല്യനിർണയം, ഓൺലൈൻ അസൈൻമെന്റ് ക്വിസ് എന്നിവയുമുണ്ടാകും. പാഠ്യപദ്ധതിയിൽ മാനേജ്‌മെന്റ് പഠനത്തോടൊപ്പം മെഷീൻലേണിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് അനലറ്റിക്സ്, റിസർച്ച് മെത്തഡോളജി, പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്‌സ് തുടങ്ങിയവയും ഉൾപ്പെടുന്നു. ഇലക്ടീവ് പഠനം നാല്, അഞ്ച് ട്രിമസ്റ്ററുകളിലായിരിക്കും. ആറാം ട്രിമസ്റ്ററിൽ ഒരു പ്രോജക്ടും പൂർത്തിയാക്കണം.
യോഗ്യത ബി.ടെക്./ബി.ഇ./ബി.എസ്./ബി.ഫാർമ./ബി.ആർക്./ബി.ഡിസ്./ബി.എഫ്.ടെക്./ നാലുവർഷ ബി.എസ്‌സി./എം.എസ്‌സി./എം.സി.എ./എം.ബി.എ. ബിരുദം/തത്തുല്യയോഗ്യത ഫസ്റ്റ് ക്ലാസോടെയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാപ്രോഗ്രാമിൽ, മാത്തമാറ്റിക്സിലെ രണ്ടും കംപ്യൂട്ടർ പ്രോഗ്രാമിങ്ങിലെ ഒന്നും കോഴ്സെങ്കിലും ചെയ്തിരിക്കണം....കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ലഭിച്ച കാറ്റ്/ഗേറ്റ്/ജി.മാറ്റ്/ജി.ആർ.ഇ./ജാം സ്കോർ വേണം. ഇവ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.......
ഈ അഭിരുചിപരീക്ഷകളിലൊന്നിലും പങ്കെടുക്കാത്തവർ ജൂൺ 25-ന്, ഇന്ദോർ ഐ.ഐ.എമ്മിൽ നടത്തുന്ന (ഓൺലൈൻ/ഫിസിക്കൽ രീതികളിൽ) ഡേറ്റാ സയൻസ് ആൻഡ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡി.എം.എ.ടി.) അഭിമുഖീകരിച്ച് യോഗ്യതനേടണം. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഡേറ്റാ ഇന്റർപ്രട്ടേഷൻ ആൻഡ് ലോജിക്കൽ റീസണിങ് എന്നിവയിൽനിന്നും ചോദ്യങ്ങളുണ്ടാകും. വിശദാംശങ്ങൾ, സിലബസ്, മാതൃകാചോദ്യങ്ങൾ തുടങ്ങിയവ msdsm.iiti.ac.in ൽ കിട്ടും.