നാലുവർഷം ദൈർഘ്യമുള്ള ബാച്ച്ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം
22 May 2023
News
ഡോ. എസ്. രാജൂകൃഷ്ണൻഅഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) അംഗീകാരമുള്ള കേരളത്തിലെ സ്ഥാപനങ്ങളിൽ 2023-2024-ൽ നടത്തുന്ന ബാച്ച്‌ലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം..
രൂപകല്പനാപഠനമാണ് ഡിസൈൻ. നാലുവർഷം ദൈർഘ്യമുള്ള പ്രോഗ്രാമിലൂടെ ഈ മേഖലയിൽ പ്രായോഗികപരിജ്ഞാനമുള്ള തൊഴിൽസജ്ജരായ ബിരുദധാരികളെ രൂപപ്പെടുത്തുക, തൊഴിൽ ലഭ്യമാക്കാൻ വ്യവസായമേഖലയുമായി ബന്ധങ്ങൾ സ്ഥാപിക്കുക, സ്വയംസംരംഭക, മാനേജീരിയൽ നൈപുണികൾ വളർത്തിയെടുക്കുക, ഉയർന്ന ഡിസൈൻ എത്തിക്കൽ സ്റ്റാൻഡേഡ് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഡിസൈൻ സ്റ്റഡീസ്, അപ്ലൈഡ് സയൻസസ്, എൻവയൺമെന്റൽ സ്റ്റഡീസ്, പ്രൊഫഷണൽ പ്രാക്ടീസ്, ഇന്റേൺഷിപ്പ്, ഡിജിറ്റൽ ലാബ്, കാർപ്പൻട്രി, ടെക്സ്‌െറ്റെൽസ്, വുഡ്, മെറ്റൽ ആൻഡ് സിറാമിക് വർക്‌ഷോപ്സ് തുടങ്ങിയവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.
കേരള ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യ യോഗ്യതാപരീക്ഷയോ മൊത്തത്തിൽ 45 ശതമാനം മാർക്കോടെ (സംവരണവിഭാഗക്കാർക്ക് 40 ശതമാനം മതിയാകും) ജയിച്ചിരിക്കണം.
പ്രവേശനപരീക്ഷ എൽ.ബി.എസ്. സെന്റർ, ഒരു മണിക്കൂർ 40 മിനിറ്റ് ദൈർഘ്യമുള്ള കേരള സ്റ്റേറ്റ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ.എസ്.-ഡി.എ.ടി.) നടത്തും. 100 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. സോഷ്യൽ ആൻഡ് ബേസിക് സയൻസസ് (10-ാം ക്ലാസ് നിലവാരത്തിൽ) (10 ചോദ്യങ്ങൾ), ജനറൽ നോളജ് (20), ഇംഗ്ലീഷ് ലാംഗ്വേജ് (20), ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലറ്റിക്കൽ ആപ്റ്റിറ്റ്യൂഡ് (20), ഡിസൈൻ അവയർനസ് (30) എന്നിവയിൽനിന്നായിരിക്കും ചോദ്യങ്ങൾ. സിലബസ് പ്രോെസ്പക്ടസിൽ നൽകിയിട്ടുണ്ട്. ഓരോ ശരിയുത്തരത്തിനും ഒരുമാർക്ക് വീതം ലഭിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കില്ല. പരീക്ഷാ തീയതി, പരീക്ഷാകേന്ദ്രങ്ങൾ എന്നിവ പിന്നീട് പ്രഖ്യാപിക്കും. പരീക്ഷയിൽ ലഭിക്കുന്ന മൊത്തം മാർക്ക് പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കും. കെ.എസ്.-ഡി.എ.ടി.യിൽ പൂജ്യം മാർക്ക് ലഭിക്കുന്നവരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല. ഗവൺമെന്റ് സീറ്റിലേക്കുള്ള അലോട്‌മെന്റിന് പരിഗണിക്കാൻ കെ.എസ്-ഡി.എ.ടി. യോഗ്യത നേടണം. എൽ.ബി.എസ്. സെന്റർ ഈ സീറ്റുകളിലെ അലോട്‌മെന്റ് നടത്തും. മാനേജ്‌മെന്റ് സീറ്റ് പ്രവേശനം അതത് സ്ഥാപനം നടത്തും. അതിലേക്ക് കെ.എസ്.-ഡി.എ.ടി. റാങ്ക് കൂടാതെ ദേശീയതല പ്രവേശനപരീക്ഷകളായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ-സയൻസ് സ്ട്രീം വിദ്യാർഥികൾക്ക്), അണ്ടർ ഗ്രാജ്വേറ്റ് കോമൺ എൻട്രൻസ് എക്സാമിനേഷൻ ഇൻ ഡിസൈൻ (യു.സീഡ്-സയൻസ് സ്ട്രീം വിദ്യാർഥികൾക്ക്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ-ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (എൻ.ഐ.ഡി.-ഡാറ്റ്: എല്ലാ സ്ട്രീമുകളിലെയും വിദ്യാർഥികൾക്ക്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (നിഫ്റ്റ്) എൻട്രൻസ് എന്നിവയുടെ റാങ്കും പരിഗണിക്കും..