
ലോകകപ്പുമായി ബന്ധപ്പെട്ട 48 ചിത്രങ്ങൾ അടങ്ങിയ അൽ ഹദ്ഫ് (ദ ഗോൾ) സ്നേഹോപഹാരം, ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളുന്ന ഖത്തറിന് ബേപ്പൂർ സമർപ്പിക്കുന്നു. 32 രാജ്യങ്ങളുടെ ദേശീയ പുഷ്പങ്ങളടക്കം ആലേഖനംചെയ്ത് ബേപ്പൂരിന്റെ ഫുട്ബാൾ പാരമ്പര്യവും പൈതൃകവും കരകൗശല കരവിരുതും സമന്വയിക്കുന്ന കുഞ്ഞ് മാതൃകാ ഉരുവിന് (മോഡൽ ഉരു) മുകളിൽ 'അൽ ഹദ്ഫ്-ദ ഗോൾ' എന്ന് നാമകരണം ചെയ്തുകൊണ്ടാണ് സ്നേഹോപഹാരങ്ങളെ സമർപ്പിക്കുന്നത്.
വിമാനമാർഗം ഖത്തറിലെത്തിക്കുന്ന സ്നേഹോപഹാരം ഖത്തറിലെ പവിലിയനിൽ ഇടംപിടിക്കും. മേഘന ഉണ്ണികൃഷ്ണൻ, ജസീർ ബംഗളൂരു, ഫിറോസ്, അബ്ദുൽ സത്താർ എന്നിവരാണ് ഈ കലാസൃഷ്ടിക്കു പിന്നിൽ പ്രവർത്തിച്ചത്. കലാസൃഷ്ടിയുടെ പ്രത്യേകതയിൽ ഇവർക്ക് ജീനിയസ് വേൾഡ് റെക്കോഡ് ലഭിക്കുകയും ചെയ്തു. സ്തുത്യർഹമായ അവാർഡ് കരസ്ഥമാക്കിയവർക്ക് മാത്തോട്ടം സ്വപ്നക്കൂട് ചാരിറ്റബ്ൾ ട്രസ്റ്റ് ഭാരവാഹികളായ ചെയർമാൻ അഷ്‌റഫ്, കൺവീനർ ഷാനവാസ്, ഷഫീഖ് അരക്കിണർ, എം.ഐ. മുഹമ്മദ് ഹാജി, ദയാനിധി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി.